2010, ജനുവരി 3, ഞായറാഴ്‌ച

രയറോം കഥകള്‍

കേള്‍ക്കുമ്പോള്‍ ആരും നെറ്റിചുളിക്കുന്ന സ്ഥലനാമമാണ്‌ എന്റേത്. "രയറോം"! ഇതെവിടെ യൂറോപ്പിലോ എന്നൊക്കെ ചിലര്‍ ചൊദിച്ചിട്ടുണ്ട്. സംഗതി, ആലക്കോട് എന്ന പ്രദേശത്താണ്‌ ഈ സ്ഥലം, അതായത് കണ്ണൂര്‍ ജില്ലയില്‍. ഒരു ചെറിയ ഗ്രാമം അത്ര തന്നെ. പിന്നെ നല്ലൊരു തെളിനീര്‍ പുഴയുണ്ട്. പുഴയ്ക്കിരുവശവും നല്ല മുളങ്കാടും പുഴവഞ്ചിയും ചേരുമൊക്കെ. ചുറ്റും മലകള്‍ . ആകെപ്പാടെ നല്ല ചേലാണ്‌. നാട്ടുകാര്‍ക്കുമുണ്ട് പ്രത്യേകതകള്‍‌ . അധികവും വരത്തന്മാര്‍. അതായത് തിരുവിതാംകൂറില്‍ നിന്നും കുടിയേറിയവര്‍ , നാടന്‍ ഭാഷയില്‍ ചേട്ടന്മാര്‍. പിന്നെ കുറെയൊക്കെ മലബാര്‍കാരായ മുസ്ലീങ്ങള്‍ . പള്ളിയും കാവും മഖാമും ചര്‍ച്ചുമെല്ലാമുള്ള ഈ നാടിനെങ്ങിനെ ഈ വിചിത്രപ്പേര്‍ കിട്ടിയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

അറിഞ്ഞതില്‍ ഒരു കഥയിങ്ങനെ. പണ്ടിവിടെ ഒരു ഡയറി ഫാം ഉണ്ടായിരുന്നത്രെ. അതു പറഞു ലോപിച്ചാണുപോലും "രയറോം" ആയത്. നേരാണോന്ന് ആര്‍ക്കറിയാം.

ഏതായാലും ഈ ചെറിയ പ്രദേശത്ത് ധാരാളം നല്ല "കഥാപാത്രങ്ങള്‍" ഉണ്ടായിരുന്നു. അവരില്‍ ചിലരെ പരിചയപ്പെടുത്താമെന്നു കരുതുന്നു. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണിവരൊക്കെ. ഇവരില്‍ ചിലരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

പണ്ടിവിടെ ധാരാളം കാടുകളുണ്ടായിരുന്നു. അന്ന് സ്ഥലത്തിനോ തീരെ നിസ്സാരവിലയും. ഈ സാഹചര്യത്തിലാണ്‌ മധ്യ തിരുവിതാംകൂറില്‍ നിന്നും കുടിയേറ്റമുണ്ടായത്. അങ്ങനെ എത്തിയവര്‍ ജന്മിക്ക് ചെറിയ ഒരു പ്രതിഫലം നല്‍കി, പറ്റുന്നിടത്തോളം കാട് വെട്ടിത്തെളിച്ച് സ്വന്തമാക്കും. പിന്നെ അവിടെ കപ്പയും ചേനയും റബ്ബറുമൊക്കെ വച്ചുപിടിപ്പിച്ചു. അക്കാലത്തെ പലരുടെയും മുഖ്യവരുമാനം ചാരായം വാറ്റാണ്‌. ക്രിഷിയില്‍ നിന്നുമുള്ള ആദായമൊക്കെ കിട്ടുന്നതു വരെ പിടിച്ചു നില്‍ക്കാന്‍ അതേയുള്ളൂ ഒരു മാര്‍ഗം. അതുകൊണ്ടുതന്നെ സന്ധ്യമയങ്ങിയാല്‍ കുടിയന്മാരുടെ ഒരു പട തന്നെ രയറോത്തുണ്ടാകും. ഇക്കൂട്ടരില്‍ ചിലര്‍ "താരങ്ങള്‍ " തന്നെയാണ്‌.

അതില്‍ ആദ്യം ഓര്‍മ വരുന്നത് മുരളിയാശാനെയാണ്‌. (ഇദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്. പിന്നെ ഇത് വായിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് എനിക്ക് അടി കിട്ടാനിടയില്ല എന്ന ധൈര്യത്തിലാണ്‌ ഇതെഴുതുന്നത്).

മുരളിയാശാന്‍ എന്റെ അയല്‍‌വാസിയാണ്‌. ഒരു ആജാനുബാഹു. രണ്ടാളുടെ ആരോഗ്യം. ഏതു കാടന്‍ പണിയും അനായാസം ചെയ്യും. എന്റെ വീട്ടിലേയ്ക്കുള്ള ഒരു അരകല്ല് തലയിലേറ്റി മലകയറി വരുന്ന മുരളിയാശാനെ ആരാധനയോടെ നോക്കി നിന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം, പകല്‍ മുഴുവന്‍ ഇങ്ങേര്‍ നിശബ്ദനാണെന്നുള്ളതാണ്‌. ആരോടും അധികം സംസാരിക്കില്ല. വെറും പച്ചപ്പാവം. എതാണ്ട് വൈകുന്നേരം ആറുമണിയോടെ പണി കഴിഞ്ഞ് പുള്ളിക്കാരന്‍ രയറോത്തിറങ്ങും. അല്‍പസമയത്തേയ്ക്ക് അപ്രത്യക്ഷനാകും! പിന്നെ കാണുന്നത് മറ്റൊരാളെയായിരിയ്ക്കും.

ആരെയും നേരിട്ടു ചീത്ത വിളിയ്ക്കില്ല. ആരോടും വഴക്കിനു പോകുകയുമില്ല. പിന്നെയോ?

ആകെപ്പാടെ ആറോ ഏഴോ കടകളുള്ള ഒരു കൊച്ചു കവലയാണ്‌ ഈ "രയറോം". അതിന്റെ ഒത്ത നടുക്കു തന്നെ പുള്ളിക്കാരന്‍ നിലയുറപ്പിയ്ക്കും.

രണ്ടുകാലും നിലത്തുറപ്പിയ്ക്കാനാവാതെ മേലാകെ തുള്ളിവിറച്ചുകൊണ്ടുള്ള ആ നില്പ് കാണേണ്ടതു തന്നെയാണ്‌. മിക്കവാറും ഉടു മുണ്ട് തലയില്‍ കെട്ടിയിട്ടുണ്ടാവും. അല്ലെങ്കില്‍ കൈലി ട്രൗസര്‍ പുറത്തുകാണും വിധം കേറ്റിക്കുത്തിയിട്ടുണ്ടാവും. ഈ നിലയില്‍ നിന്ന് ആകാശത്തേയ്ക്ക് നോക്കി ചന്ദ്രനെ വെല്ലുവിളിയ്ക്കലാണ്‌ മുഖ്യ അജണ്ട! "മറയെടാ..എടാ മറയാന്‍ ". ആജ്ഞ ചന്ദ്രനോടാണ്‌. ഏതെങ്കിലും മേഘം വന്ന് ചന്ദ്രനെ മൂടും വരെ ഈ കലാപരിപാടി തുടരും.

ഒരിയ്ക്കല്‍ നല്ലൊരു മഴക്കാലം. രാത്രി ഒന്‍പതു മണി. ഞങ്ങള്‍ വീട്ടിലേയ്ക്ക് പോകുകയാണ്‌. റോഡാകെ ചെളിയില്‍ പുതഞ്ഞു കിടക്കുന്നു. ഇരുട്ടത്ത് , ആരോ റോഡില്‍ കിടക്കുന്നതു കണ്ടു. ഞങ്ങള്‍ ടോര്‍ച്ചടിച്ചു നോക്കി. മുരളിയാശാനാണ്‌. ചരിഞ്ഞു കിടക്കുന്നു. ഒരു സൈഡ് ഏകദേശം മുഴുവനായും ചെളിയിലാണ്‌. മുകളിലെ വശത്തെ ചെവി ആരോ ചെളികൊണ്ട് പൊതിഞ്ഞു വച്ചിരിയ്ക്കുന്നു!! കക്ഷി നല്ല ഉറക്കത്തിലാണ്‌. എതായാലും പിറ്റേന്നും രാവിലെ ആശാന്‍ പതിവുപോലെ പണിക്കുപോയി!

ഒരിക്കല്‍ ആശാന്‌ വലിയൊരു അബദ്ധം പറ്റി. രയറോത്ത് ചെറിയൊരു മുറുക്കാന്‍ കടയുണ്ട്. രവിച്ചേട്ടനാണ്‌ കട മുതലാളി. കക്ഷി കുടുംബമായി കടയ്ക്കുപിന്നില്‍ തന്നെയാണ്‌ താമസം. രവിച്ചേട്ടന്‌ ഒരു കൊച്ചുണ്ട്. രണ്ട് വയസ്സുള്ള ഒരു കുഞ്ഞ്. സന്ധ്യയാല്‍ കുഞിനെയും കൊണ്ടുവന്ന് കടയിലിരുത്തും പുള്ളിക്കാരന്‍. ഒരു ദിവസം മുരളിയാശാന്‍ നല്ല ഫോമിലായിരുന്നു. കുഞ്ഞിനെക്കണ്ടപ്പോള്‍ ആശാന്‌ ഉല്‍സാഹമായി. അവനെ ചിരിപ്പിയ്ക്കാനായി ചില ഗോഷ്ടികളൊക്കെ കാണിച്ചു. ആദ്യമൊക്കെ കൊച്ച് ചിരിയ്ക്കുകയും ചെയ്തു. അപ്പോള്‍ കൂടുതല്‍ ഉല്‍സാഹത്തോടെ ആശാന്‍ കുഞ്ഞിന്റെ അടുത്തേയ്ക്കു ചെന്നു. എന്നാല്‍ കൊച്ച് അതു കണ്ട് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. രവിച്ചേട്ടന്‍ ഓടി വരുമ്പോള്‍ ആശാന്റെ കളിയും കുഞ്ഞിന്റെ കരച്ചിലുമാണ്‌ കണ്ടത്. അയാള്‍ ദേഷ്യത്തോടെ അടുത്തിരുന്ന ബക്കറ്റിലെ പാത്രം കഴുകിയ വെള്ളം എടുത്ത് ആശാന്റെ മുഖത്തേയ്ക്കൊഴിച്ചു. രവിച്ചേട്ടന്‌ ഇത്രയും ധൈര്യം ഉണ്ടാകുമെന്ന് ഞങ്ങളാരും കരുതിയില്ല. പകച്ചുപോയ ആശാന്‍ വേച്ച് വേച്ച് നടന്നു പോയി. കുറെ കഴിഞ്ഞപ്പോള്‍ രവിച്ചേട്ടനും പേടിയായി. ഒരാവേശത്തിന്‌ ചെയ്തതാണ്‌. ഏതായാലും അന്നു പ്രത്യെകം ഒന്നും സംഭവിച്ചില്ല.

പിറ്റേന്ന് ക്രുത്യം ആറുമണിക്ക് പൂക്കുറ്റിപൂസില്‍ ആശാന്‍ കടയുടെ മുന്‍പില്‍ നിന്ന് അലറി. "എടാ രവീ, നെന്റെ കൊച്ചിനെ ചിരിപ്പിച്ചേനാണോടാ എന്റെ മുഖത്ത് വെള്ളമൊഴിച്ചത്? എവിടുത്തെ പഠിപ്പാടാ ഇത്? ഇറങ്ങിവാടാ..." രവിച്ചേട്ടന്‍ പേടിച്ചിട്ട് അനങ്ങിയില്ല.

ഏതായാലും കുറേക്കാലം ഒരനുഷ്ഠാനം പോലെ ആശാന്‍ എന്നും അതേ സ്ഥലത്ത് വന്ന് വെല്ലു വിളിയ്ക്കും. ഇടയ്ക്ക് മാനത്ത് ചന്ദ്രനെ കണ്ടാല്‍ പിന്നെ ഈ വിഷയം വിടും

മറ്റൊരിക്കല്‍ ഞാനും ഒരു സുഹ്രുത്തും ഒരു മഴക്കാല രാത്രിയില്‍ ഇതേ പോലെ പോകുമ്പോള്‍ അടുത്തുള്ള ഓടയില്‍ നിന്നും ഒരു ഞരക്കം. ഞങ്ങള്‍ പോയി നോക്കി. രണ്ടു കാലുകള്‍ റോഡിലേയ്ക്കു തള്ളി നില്‍ക്കുന്നുണ്ട്. തലയും ഉടലും ഓടയില്‍ . ആളെ മനസ്സിലായി. ആശാന്‍ തന്നെ. കൂടെയുള്ള സുഹ്രുത്തിന്റെ മനസ്സലിഞ്ഞു." എടാ നമുക്കിയാളെ വീട്ടിലാക്കാം". അവന്‍ പറഞ്ഞു. എനിക്കത്ര സമ്മതമായിരുന്നില്ല. എങ്കിലും അവന്‍ അയാളെ തട്ടി വിളിച്ചു.

"യാരെഴാ" ആശാന്റെ കുഴഞ്ഞ ശബ്ദം. അവന്‍ പേരു പറഞ്ഞു. " വാ ആശാനേ വീട്ടിപ്പോകാം". അവന്‍ കൈ നീട്ടി. " എന്നാ പിഴിയെഴാ.." അവന്‍ ആശാനെ വലിച്ചു പൊന്തിച്ച് തോളില്‍ താങ്ങി.

"നീയേതാഴാ..?" ആശാന്‍ ന്രുത്തച്ചുവടോടെ അവനോടു ചോദിച്ചു. അവന്‍ അതും പറഞ്ഞു.

"നിനക്കൊരു സൂത്രം കാണന്നോഴാ..?" ഇതും പറഞ്ഞ് ആശാന്‍ ഒന്നു കുനിയുന്നതുകണ്ടു. സുഹ്രുത്ത് മലര്‍ന്നടിച്ച് നിലത്ത്! ആശാനവന്റെ കാലില്‍ പിടിച്ച് പൊക്കുകയായിരുന്നു. ഏതായാലും മലയാളത്തിലെ ഒട്ടുമിക്കവാറും തെറികള്‍ എന്റെ സുഹ്രുത്തിനറിയാമെന്നെനിക്കു അപ്പോള്‍ മനസ്സിലായി.

ഇതൊക്കെ ആയാലും എന്നോട് പുള്ളിക്കാരന്‌ വലിയ താല്പര്യമായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്- ഇപ്പോഴുമതേ. ഇങ്ങേരുടെ കുടികൊണ്ടു സഹികെട്ട ഭാര്യയും വീട്ടുകാരും അവസാനം എങ്ങനെയോ പുള്ളിയെ പോട്ടയിലെത്തിച്ചു. സത്യം പറയണമല്ലോ, അതോടെ ആശാന്റെ കുടി അവസാനിച്ചു. കഴിഞ്ഞ ഒരു പത്തുവര്‍ഷമായി ആശാന്‍ തികച്ചും നല്ല കുടുംബസ്ഥനായി ജീവിയ്ക്കുന്നു. ഇപ്പോള്‍ ആകാശത്ത് ചന്ദ്രനെ കണ്ടാലും പുള്ളി മൈന്‍‌ഡു ചെയ്യുകയേ ഇല്ല. എന്നാലും ഞങ്ങളുടെ ഓര്‍മയിലെ പഴയ ആശാന്‌ മരണമില്ല.

...അടുത്തത് " " ചാണ കോവാലന്‍ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ